ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ, ബ്രിട്ടന്റെ പ്രതിരോധ സജ്ജീകരണങ്ങൾ ഇനി സൈന്യത്തിൽ മാത്രം ഒതുങ്ങരുതെന്ന് പുതിയ സായുധ സേനാ മേധാവി റിച്ചാർഡ് നൈറ്റൺ.
തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ലോകം കൂടുതൽ അപകടകരമായ അവസ്ഥയിലാണെന്നും, ഈ വെല്ലുവിളികളെ നേരിടാൻ സർക്കാരിനും സൈന്യത്തിനും പുറമെ മുഴുവൻ രാജ്യവും മുന്നിട്ടിറങ്ങേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്ന പുതിയ കാലഘട്ടം, കൂടുതൽ ബ്രിട്ടീഷുകാർ സ്വന്തം രാജ്യത്തിനു വേണ്ടി പോരാടാൻ സന്നദ്ധരാകണം എന്നതിനെ സൂചിപ്പിക്കുന്നു. റഷ്യ ഉയർത്തുന്ന വർധിച്ചുവരുന്ന അപകടസാധ്യതയുടെ പശ്ചാത്തലത്തിൽ രാജ്യം ദേശീയ പ്രതിരോധശേഷി ആർജിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2022 ഫെബ്രുവരിയിൽ യുക്രെയ്നിനെതിരെ റഷ്യ ആരംഭിച്ച യുദ്ധം ഏതാണ്ട് നാല് വർഷത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു, സെപ്റ്റംബർ മുതൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവി വഹിക്കുന്ന നൈറ്റൺ.
പതിവ് സൈനിക സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം, സജീവമായ റിസർവ് സൈനികരുടെയും കേഡറ്റുകളുടെയും എണ്ണത്തിൽ വലിയ വർധനവ് വരുത്താൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.
ഇതോടെ, രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം എന്തായിരിക്കുമെന്ന് കൂടുതൽ കുടുംബങ്ങൾക്ക് അറിയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ മേഖലയിലെ ജീവനക്കാർക്ക് മികച്ച പരിശീലനം നൽകുന്നതിനായി പുതിയ "ഡിഫൻസ് ടെക്നിക്കൽ എക്സലൻസ് കോളേജുകൾക്ക്' 50 ദശലക്ഷം പൗണ്ടിന്റെ (ഏകദേശം 67 ദശലക്ഷം ഡോളർ) ധനസഹായം പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.